തൃശൂർ: നല്ല വായന മാനസികസൗഖ്യത്തിനും ശാരീരികരോഗശാന്തിക്കും വഴിയൊരുക്കുമെന്ന് അമല മെഡിക്കൽ കോളജ് അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ. ആന്റണി മണ്ണുമ്മൽ. ഡോക്ടർമാരും ആശുപത്രികളും ഈ ചിന്ത ഉൾക്കൊണ്ട് ആതുരശുശ്രൂഷ നടത്തിയാൽ കൂടുതൽ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനവാരാചരണത്തോടനുബന്ധിച്ച് ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച "റീഡ്, റിഫ്ലക്ട് ആൻഡ് ഹീൽ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജ് വിദ്യാർഥി ഫ്ലോറൻസ് മെറിൻ ജോസ്, സീനിയർ ലൈബ്രേറിയൻമാരായ വി.ജെ. ലിറ്റി, ഗ്ലാഡിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
അമല സൈക്യാട്രി വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. പി.കെ. പ്രീതി മേനോൻ, ലൈബ്രറിവിഭാഗം പ്രഫസറും മേധാവിയുമായ ഡോ.എ. റ്റി. ഫ്രാൻസിസ് എന്നിവർ വിഷയാവതരണം നടത്തി.
അമല മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, മെഡിക്കൽ സ്റ്റുഡന്റ്സ് കൗണ്‍സിൽ അരോഹ, നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വായനവാരാഘോഷവും സെമിനാറും നടത്തിയത്.